August 11, 2020

കോവിഡ് വ്യാപനം   : ബാങ്ക് ജീവനക്കാർ ആശങ്കയിൽ 

 കോട്ടയം :കോവിഡ്  വ്യാപനം തുടരുമ്പോൾ ആശങ്കയിലായിരിക്കുകയാണ് ലക്ഷക്കണക്കിന്  വരുന്ന ബാങ്ക് ജീവനക്കാരും അവരുടെ  കുടുംബാംഗങ്ങളും  .കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ബാങ്ക്  ജീവനക്കാരുടെ  ആശങ്കകളറിയിക്കാൻ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രതിനിധികൾ ഇന്നലെ എസ്.എൽ.ബി.സി അധികാരികളെ കണ്ടിരുന്നു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ല,   സംസ്ഥാന സർക്കാരാണ് എല്ലാത്തിനും തടസ്സം നിൽക്കുന്നത് എന്നാണ് അവർക്ക് കിട്ടിയ മറുപടി! ട്രിപ്പിൽ ലോക്ക് ഡൗണിലും മുഴുവൻ ജീവനക്കാരോടും ശാഖകളിലെത്താൻ പറഞ്ഞ ആളുകൾ തന്നെയാണ് ഇതും പറയുന്നത് എന്നതാണ് സങ്കടകരം . ഇന്ന് കൺടെയിൻമെന്റ് പ്രദേശങ്ങളിൽ ബാങ്കുകൾ ഒരു മണി വരെ പ്രവർത്തിച്ചാൽ മതിയെന്നും, ട്രിപ്പിൾ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ ബാങ്കുകൾ തുറക്കേണ്ടതില്ല എന്നും തീരുമാനിച്ചിരിക്കുന്നു. അത്രയും നല്ലത്.ഇന്നലെ കനറാ ബാങ്ക് സർക്കിൾ ഓഫീസ് സ്ഥിതിചെയ്യുന്ന സമുച്ചയത്തിൽ തന്നെ പ്രവർത്തിക്കുന്ന കറൻസി ചെസ്റ്റിൽ സെക്യൂരിറ്റി ജോലി നിർവ്വഹിക്കുന്ന പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ജീവനക്കാർ മുഴുവൻ കോറന്റെെനിൽ പോയിരിക്കുന്നു. കറൺസി ചെസ്റ്റ് താത്കാലികമായി അടച്ചുപൂട്ടാനും കനറാ ബാങ്ക് തീരുമാനിച്ചു.കാനറ ബാങ്കിന്റെ തിരുവനന്തപുരം ഓവർ ബ്രിഡ്ജ്  ബ്രാഞ്ച് (മുൻ സിൻഡിക്കേറ്റ്) ജീവനക്കാരനും  ഇന്നലെ വൈകുന്നേരത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ ഈ ശാഖയും അതേ ബിൽഡിങ്ങിൽ ചേർന്ന് പ്രവർത്തിക്കുന്ന സർവ്വീസ് ബ്രാഞ്ചും അടച്ചു പൂട്ടി. ഓവർ ബ്രിഡ്ജ് ശാഖയിൽ 8 ഉം, സർവ്വീസ് ബ്രാഞ്ചിൽ 4 ഉം ജീവനക്കാരുണ്ട്. ഇവരെല്ലാം കോറന്റെെനിൽ പോകണം.ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പോലും  അലംഭാവത്തോടെ വിഷയത്തെ നോക്കിക്കണ്ടതിന്റെ ബാക്കിപത്രമാണ് പുറത്തു വരുന്ന ഈ ഞെട്ടിക്കുന്ന വാർത്തകൾ. കോവിഡ് നമ്മുടെ തൊട്ടടുത്തുണ്ട്. നാമോരോരുത്തരും ഏതു സമയത്തും രോഗബാധിതരാകാം എന്നതാണ്  ഇപ്പോഴത്തെ ബാങ്ക് ജീവനക്കാരുടെ അവസ്ഥ. അധികാരികൾക്ക് ഇപ്പോഴും കോവിഡ് ലോൺ ടാർജറ്റും, ഇൻഷുറൻസും, മ്യൂച്ചൽ ഫണ്ടുമാണ് പ്രധാനം. ഹെഡ് ഓഫീസിൽ നിന്നും ദിവസേന വീഡിയോ കോൺഫറൻസിൽ ലഭിക്കുന്ന ”ആട്ടും തുപ്പും” കൃത്യമായി അവർ താഴേക്ക് നൽകുന്നുണ്ട്.  ഇത് കേട്ട് വീട്ടിലിരിക്കുന്ന ഇടപാടുകാരെ ശാഖകളിൽ വിളിച്ചു വരുത്തി ലോൺ നൽകാൻ നിർബന്ധിതരായിരിക്കുകയാണ് മാനേജർമാർ. കൂടുതലും വായ്പ ആവശ്യവില്ലാത്തവരാണ്. അവരെ നിർബന്ധിച്ച് ആയിരവും, രണ്ടായിരവും, അയ്യായിരവുമൊക്കെയാണ് ലോൺ നൽകുന്നത്. മുകളിലെ ബാങ്ക് “ദൈവങ്ങളെ” പ്രീതിപ്പെടുത്തുകയാണ് ഏക ഉദ്ദേശം. ഈ വിളിച്ചു വരുത്തപ്പെടുന്ന ആരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചാൽ ഒരു പക്ഷെ കൊലക്കുറ്റത്തിനായിരിക്കും സമാധാനം പറയേണ്ടി വരിക എന്നത് ഓരോ ജീവനക്കാരനും ആലോചിക്കേണ്ടതുണ്ട്.ജീവനക്കാർ അനുഭവിക്കുന്ന പിരിമുറുക്കങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ. ഒരു പക്ഷെ ജീവനക്കാരുടെ ജീവൻ വച്ചുള്ള കളിയാണ് ഇപ്പോൾ നടക്കുന്നത്. ശാഖകളിൽ ജീവനക്കാർ പൊട്ടിത്തെറിയുടെ വക്കിലാണ്.  ഒരു ചെറിയ തീപ്പോരി മതി കത്തിക്കയറാൻ. കത്തി നശിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. കാര്യങ്ങൾ കൃത്യമായി, യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാനും, ജീവനക്കാരെ വിശ്വാസത്തിലെടുക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ കൈകൊള്ളാനും ഇനിയെങ്കിലും  ബാങ്ക് മേധാവികൾക്ക് സാധിക്കണം.ബാങ്ക് തുറന്നില്ലെങ്കിൽ ജീവനക്കാർ അവധി ആഘോഷിക്കുമെന്ന മുൻ വിധിയാണ് പല മേലാളൻമാർക്കുമെന്ന് ബാങ്കിങ് സംഘടനകൾ തന്നെ ആരോപിക്കുന്നു ,. അതുകൊണ്ടാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പോലും അടുത്തുള്ള മറ്റ് ശാഖകളിൽ ഹാജരാകാൻ നിർദ്ദേശിക്കുന്നത്. ആ ശാഖകളിലാണെങ്കിൽ ഇരിപ്പിടം പോലും ഉണ്ടാവില്ല. മാത്രമല്ല തലേ ദിവസം വരെ കൺടെയിൻമെന്റ് മേഖലയിൽ ജോലി ചെയ്തവർ മറ്റൊരു ശാഖയിൽ ജോലിക്കെത്തുന്നതിന്റെ പൊരുൾ ഉത്തരവിടുന്നവർ തന്നെ വിശദീകരിക്കേണ്ടതാണ്.  ഹെഡ് ഓഫീസ് ദൈവങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ ജീവനക്കാർക്ക്, സംഘടനകൾക്ക് കടുത്ത നിലപാടുകൾ എടുക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുന്നു. ഇന്ന് മുൻ നിലപാടിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ സ്വാഗതാർഹമാണ്. പക്ഷെ ആശങ്കകൾ പരിഹരിക്കാൻ പര്യാപ്തമല്ല. അതു കൊണ്ട് ജീവനക്കാരുടെയും സംഘടനകളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾക്ക് തയ്യാറാവുകയാണ് വേണ്ടത്.നൂറുകണക്കിന് ഇടപാടുകാരുമായാണ് ഓരോ ദിവസവും ജീവനക്കാർ ഇടപെടുന്നത് .ക്യാഷ് ,മറ്റു രേഖകൾ എന്നിവയൊക്ക കൈകാര്യം ചെയ്യുമ്പോൾ എന്തൊക്ക മുൻകരുതലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിർദേശമുണ്ടെങ്കിലും എത്രത്തോളം ഫലമുണ്ടാകുമെന്ന് ഉറപ്പില്ല .ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ 50 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കിയിട്ടുണ്ട് .പക്ഷെ അവശ്യ സർവീസ് ആയ ബാങ്ക് മേഖലയിലെ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല .മാത്രമല്ല പലപ്പോഴും രാവിലെ മുതൽ രാത്രിവരെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് വനിതകൾ ഉൾപ്പെടയുള്ള ജീവനക്കാർ .സർക്കാർ ഓഫീസുകളിൽ നിയന്ത്രണങ്ങളോടെയാണ് ജീവനക്കാരുടെ വിന്യാസം .ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി ചെയ്യേണ്ടത് .വികലാംഗർ ,ഗർഫിണികൾ എന്നിവർക്ക് ഇളവുകളുമുണ്ട് .ഇതൊന്നും ബാങ്ക് ജീവനക്കാർക്ക് ബാധകമല്ലന്നുള്ളത് ഇവരെ വിഷമത്തിലാക്കുന്നുണ്ട് .

Translate »
error: Content is protected !!