രാജ്യത്ത് വൈദ്യുത ബസുകളില്‍ ബാറ്ററി മാറ്റി ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉടനുണ്ടാകും. വൈദ്യുത ബസുകള്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സമയനഷ്ടം ഒഴിവാക്കി സ്റ്റേഷനുകളില്‍നിന്ന് വേഗത്തില്‍ ബാറ്ററി മാറ്റി യാത്ര തുടരാനായാല്‍ സേവനം കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാനാകുമെന്നാണ് പ്രതീക്ഷ.വിവിധ കമ്പനികള്‍ വിവിധ വലുപ്പത്തിലും ശേഷിയിലുമുള്ള ബാറ്ററികളാണ് വാഹനങ്ങളിലുപയോഗിക്കുന്നത്. ഇത് ബാറ്ററി മാറ്റി ഉപയോഗിക്കുന്നത് നടപ്പാക്കുന്നതിനു വെല്ലുവിളിയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബാറ്ററിയുടെ വലുപ്പം, ഭാരം, ശേഷി തുടങ്ങിയ കാര്യങ്ങള്‍ ഏകീകരിക്കേണ്ടതുണ്ട്. പ്ലഗ് ഇന്‍ ചാര്‍ജിങ് രീതിയില്‍ വാഹനം പൂജ്യംമുതല്‍ 100 ശതമാനംവരെ ചാര്‍ജാകണമെങ്കില്‍ ചാര്‍ജറിന്റെ വേഗമനുസരിച്ച് രണ്ടുമുതല്‍ എട്ടുമണിക്കൂര്‍വരെ വേണ്ടിവരും.ബാറ്ററിശേഷി കൂട്ടുമ്പോള്‍ ഭാരം കൂടുമെന്നതിനാല്‍ യാത്രക്കാരെ വഹിക്കാനുള്ള ശേഷി കുറയുന്നു. ബാറ്ററി മാറ്റി ഉപയോഗിക്കുകയാണെങ്കില്‍ വാഹനത്തിന്റെ ഭാരം കുറയ്ക്കാനും സി.എന്‍.ജി. വാഹനംപോലെ എളുപ്പത്തില്‍ ഉപയോഗിക്കാനും കഴിയും. മാത്രമല്ല, ചാര്‍ജ് ചെയ്യുന്നതിനായി സമയം പാഴാക്കേണ്ടതായും വരില്ല.

പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകള്‍ വാങ്ങുമ്പോള്‍ ബാറ്ററി ചാര്‍ജിങ് പോര്‍ട്ട് ഒരുപോലെയായിരിക്കണമെന്നു മാത്രമാണ് സര്‍ക്കാരും ഇപ്പോള്‍ നിഷ്‌കര്‍ഷിക്കുന്നത്. നഗരങ്ങളില്‍ ബസുകള്‍ക്ക് ബാറ്ററി മാറ്റുന്നതിന് സ്വാപ്പിങ് കേന്ദ്രങ്ങള്‍ വന്നാല്‍ ചാര്‍ജിങ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്നതാണ് മറ്റൊരു നേട്ടം.

പശ്ചാത്തല സൗകര്യത്തിന് കൂടുതല്‍ തുക ചെലവിടുന്നത് ഒഴിവാക്കാം. ദേശീയപാതകളില്‍ നിശ്ചിത ദൂരത്തില്‍ ഇത്തരം ബാറ്ററിമാറ്റല്‍കേന്ദ്രങ്ങള്‍ കൊണ്ടുവന്നാല്‍ ദീര്‍ഘദൂര യാത്രകളിലും വൈദ്യുത ബസ് ഉപയോഗിക്കാനാകും.അതേസമയം, ഇതു നടപ്പാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിജ്ഞാപനം വരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here