August 9, 2020

എരുമേലി വിമാനത്താവളം : സ്പെഷ്യൽ ഓഫിസറും പഞ്ചായത്ത്‌ പ്രസിഡന്റും ഇന്ന്ഓൺലൈനിൽ മുഖാമുഖം ചർച്ച

എരുമേലി : ശബരിമല വിമാനത്താവള പദ്ധതി എരുമേലിയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫിസറും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ വി തുളസീദാസ് നാളെ എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാറുമായി വിഡിയോ കോൺഫറൻസ് നടത്തും.

കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കിയ സ്പെഷ്യൽ ഓഫിസർ കൂടിയാണ് തുളസീദാസ്. നാളെ രാവിലെ 10.45 നാണ് വീഡിയോ കോൺഫറൻസ്. മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാൻ, അയ്യപ്പ സേവാ സംഘം ഭാരവാഹി അനിയൻ എരുമേലി, അയ്യപ്പ സേവാ സമാജം ഭാരവാഹി മനോജ്‌ എസ് നായർ ,വ്യാപാരി വ്യവസായി, പ്രസ്സ് ക്ലബ്‌ , വിവിധ സംഘടനാ ഭാരവാഹികൾ, എന്നിവരും പഞ്ചായത്ത്‌ പ്രസിഡന്റിനൊപ്പം ചർച്ചയിൽ പങ്കെടുക്കും.

എരുമേലി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വെച്ചാണ് വിഡിയോ കോൺഫറൻസ് നടത്തുക. ഇതേസമയത്ത് പഞ്ചായത്ത്‌ ഓഫിസിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിളിച്ചിട്ടുള്ളതിനാലാണ് വീഡിയോ കോൺഫറൻസ് റസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

പ്രധാനമായും ഒട്ടേറെ കാര്യങ്ങളാണ് വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യാനുള്ളതെന്ന് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ പറഞ്ഞു. എസ്റ്റേറ്റ്‌ ഏറ്റെടുക്കുന്നതിന്റെ നടപടികൾക്ക് സ്പെഷ്യൽ ഓഫിസ് എരുമേലിയിൽ തുറക്കുന്നതിനും എത്രയും വേഗം പദ്ധതി നടപ്പിലാക്കുന്നതിനും പഞ്ചായത്ത്‌ ചെയ്ത് നൽകേണ്ട നടപടികളും , പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് വ്യക്തത വരുത്തൽ, തോട്ടത്തിലെ തൊഴിലാളികളുടെ പുനരധിവാസം, നാട്ടിലെ യുവതീ യുവാക്കൾ ഉൾപ്പെടെ തൊഴിൽ രഹിതരായവർക്ക് ജോലി ഉറപ്പാക്കൽ ഉൾപ്പെടെ ഉള്ളവയാണ് പ്രധാനമായും ചർച്ച ചെയ്യുക.

പദ്ധതിയുടെ പേര് ശബരിമല ഇന്റർനാഷണൽ എയർപോർട്ട് എരുമേലി എന്ന് പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കും. എരുമേലിയുടെ പ്രാധാന്യം നിലനിർത്തുന്നതിന് ഉതകുന്ന നടപടികൾ പദ്ധതിയുടെ പേരിലും മറ്റെല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കും. നിർദിഷ്‌ട വിമാനത്താവളത്തിലേക്കുള്ള പ്രധാന പാത എരുമേലിയിൽ നിന്നായിരിക്കണം. പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുന്ന പ്രത്യേക പാക്കേജ് തയ്യാറാക്കാനുള്ള നടപടികൾക്ക് അനുമതി തേടും. പഞ്ചായത്തിലെ എല്ലാ തൊഴിൽ രഹിതർക്കും തൊഴിൽ ലഭ്യമാക്കുന്നതിന് നടപടി വേണമെന്നും അഭ്യർത്ഥിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

അതേസമയം എസ്റ്റേറ്റ്‌ ഏറ്റെടുക്കുന്നത് ഈ മാസം 21 വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. 21 ന് കേസ് വീണ്ടും കോടതി പരിഗണിക്കുന്നതോടെയാണ് ഏറ്റെടുക്കൽ സംബന്ധിച്ച് നിർണായക തീരുമാനമുണ്ടാവുക. 2263 ഏക്കർ ഉള്ള എസ്റ്റേറ്റ്‌ പൂർണമായും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര വിമാനത്താവളമാക്കുന്നതിനാണ് ഇത്രയും സ്ഥലം ഏറ്റെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ എസ്റ്റേറ്റ്‌ കൈവശം വെച്ചിരിക്കുന്ന ബിലീവേഴ്‌സ് ചർച്ചുമായുള്ള തർക്കം പരിഹരിക്കുന്നതിന് സർക്കാരിന് സാധിച്ചിട്ടില്ല. പാലാ സിവിൽ കോടതിയിൽ സർക്കാർ നൽകിയ ഉടമസ്ഥാവകാശ തർക്കം സംബന്ധിച്ച കേസ് തീർപ്പാക്കാൻ കാലതാമസം വേണ്ടി വരുമെന്നുള്ളതിനാൽ എസ്റ്റേറ്റ്‌ ഭൂമിയുടെ വില നിശ്ചയിച്ച് ആ തുക കോടതിയിൽ കെട്ടിവെച്ച് എസ്റ്റേറ്റ്‌ ഏറ്റെടുക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിന് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സർക്കാരിന് സാധിക്കും. ഉടമസ്ഥാവകാശം കോടതിയിൽ തീർപ്പാകുമ്പോൾ ഈ തുക ഉടമക്ക് കൈമാറിയാൽ മതി. എന്നാൽ ഭൂമി വില നിശ്ചയിക്കുമ്പോൾ താരിഫ് വിലയുടെ മൂന്നിരട്ടി വരെ നൽകാനാണ് നിയമപ്രകാരം കഴിയുക. ഒരു പക്ഷെ ഈ തുക ബ്രഹത്തായ തുക ആണെങ്കിൽ മറ്റ് സഹായങ്ങൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാകും.

കോട്ടയം ജില്ലാ കളക്ടറെയാണ് ഭൂമി ഏറ്റെടുക്കലിനും വില നിശ്ചയിക്കുന്നതിനുമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നുള്ള തടസം നീങ്ങിയാൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങും. ഭൂമി ഏറ്റെടുക്കലിനും മൂല്യ നിർണയത്തിനും സ്ഥലം അളക്കുന്നതിനുമായി സബ് കളക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുക. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫിസ് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ഓഫിസ് എരുമേലിയിൽ തുറക്കാനാണ് പഞ്ചായത്ത്‌ ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യതിരുവിതാംകൂറിന്റെ വികസനത്തിന്‌ നാഴികക്കല്ലാവുന്ന വിമാനത്താവളം പദ്ധതിക്ക് ഭരണ കാലാവധി കഴിയും മുമ്പ് തുടക്കമിടാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്നത് പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. സ്പെഷ്യൽ ഓഫിസ് ഉത്ഘാടനം, പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ നടത്താനുള്ള നടപടികളിലാണ് സർക്കാർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!