കൊച്ചി: കാലാവസ്ഥയിലുണ്ടാകുന്ന എല്ലാ മാറ്റവും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി വിലയിരുത്തേണ്ടതില്ലെന്ന് നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് മേധാവി ഡോ. വി.എസ്. പ്രസാദ്. “വേനൽസാഹചര്യങ്ങളിലും മഴയിലുമെല്ലാം പലതരത്തിലുള്ള മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുണ്ട്. എന്നാൽ, ഇതെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെന്ന് പറയാനാകില്ല. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രകടമാകുമ്പോൾ ശാസ്ത്രസമൂഹം അത് ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്”, അദ്ദേഹം പറഞ്ഞു.കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും (കുസാറ്റ്) നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ഡോ. വി.എസ്. പ്രസാദ്. അന്തരീക്ഷ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടാണ് ധാരണാപത്രം.കാലാവസ്ഥ പ്രവചനസംവിധാനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണങ്ങൾ മുന്നേറുന്നത്. ഇതിനുകഴിയുന്ന സൂപ്പർ കംപ്യൂട്ടർ താമസിയാതെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിന് ലഭ്യമാകും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാർഥികളെയും ഗവേഷണസ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് കൂടുതൽ ഗവേഷണപ്രവർത്തനങ്ങൾക്ക് ഊന്നൽനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.കുസാറ്റുമായുള്ള സഹകരണമെല്ലാം ഈ ലക്ഷ്യത്തോടെയാണ്. അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷൻ (നോവ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ് പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here