പാലക്കാട്: കേരള സംഗീത നാടക അക്കാദമി മുന്‍സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍. രാധാകൃഷ്ണന്‍ നായര്‍ (83) അന്തരിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 1996 മുതല്‍ 2001 വരെ കേരള കലാമണ്ഡലം സെക്രട്ടറിയുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചു.

കോട്ടയം തലയോലപ്പറമ്പിനടുത്ത് കീഴൂരിലാണ് ജനനം. പരേതരായ കൊട്ടാരത്തില്‍ നീലകണ്ഠപ്പിള്ളയുടെയും എന്‍. ദേവകിയമ്മയുടെയും മകനാണ്. കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന നേതൃനിരയിലുമുണ്ടായിരുന്നു.

‘ആത്മബലിയുടെ ആവിഷ്‌കാരം’, ‘ആവിഷ്‌കാരത്തിന്റെ രാഷ്ട്രീയം’, ‘ആരൂഢങ്ങള്‍’, ‘എഴുത്ത് കല-ലാവണ്യവും രാഷ്ട്രീയവും’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. ‘പാലക്കാട്-സ്ഥലം, കാലം, ചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. കഥകളിസംഗീതത്തെക്കുറിച്ചുള്ള ‘സംഗീതാരൂഢങ്ങള്‍’ എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. കേരള കലാമണ്ഡലം നല്‍കുന്ന 2009-ലെ മുകുന്ദരാജാ അവാര്‍ഡ്, 2023-ലെ എം.പി. പോള്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ: എന്‍. പദ്മാവതി (റിട്ട. ഫെയര്‍കോപ്പി സൂപ്രണ്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മക്കള്‍: ആര്‍. രാധിക (എല്‍.ഐ.സി. ഡിവിഷണല്‍ ഓഫീസ്, കോട്ടയം), ആര്‍. രാജീവ് (എല്‍.ഐ.സി., ചിറ്റൂര്‍). മരുമക്കള്‍: കെ.ബി. പ്രസന്നകുമാര്‍ (എഴുത്തുകാരന്‍, റിട്ട. എസ്.ബി.ഐ.), എഴുത്തുകാരന്‍ വൈശാഖന്റെ മകള്‍ പൂര്‍ണിമ (അധ്യാപിക, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ചിറ്റൂര്‍).

LEAVE A REPLY

Please enter your comment!
Please enter your name here