July 7, 2020

നിമ്മിയുടെ സന്തോഷം വാനോളം ,എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിൽ പഠനം പൂർത്തിയാക്കിതിരിച്ചെത്തിയപ്പോൾ നാട് വിമാനത്താവളമാകുന്നു

 എരുമേലി : നാട്ടുകാർക്കൊപ്പം നിമ്മിയുടെ സന്തോഷവും വാനോളമുയർന്നു .ശബരിമല വിമാനത്താവളത്തിനുവേണ്ടി ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ നാട്ടുകാർക്കൊപ്പം നിമ്മിയും ആഹ്ലാദത്തിലാണ് .  എയർപോർട്ട് മാനേജ്‍മെന്റ് സ്റ്റഡീസിൽ പഠനവും പരിശീലനവും പൂർത്തിയാക്കിയ എസ്റ്റേറ്റിലെ 23 കാരിയായ നിമ്മിക്ക് ചെറുപ്പം മുതലേആകാശത്തിലേക്കായിരുന്നു കണ്ണ് . ബിരുദ പഠനം കഴിഞ്ഞയുടനെ തന്റെ ഇഷ്ട വിഷയമായ  എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് ചേർന്നു .എസ്റ്റേറ്റിൽ കാന്റീൻ നടത്തുന്ന ചാരങ്ങാട്ട് തോമസ് എന്ന അർത്തുങ്കൽ തങ്കച്ചന്റെ രണ്ടാമത്തെ മകളായ നിമ്മി കഴിഞ്ഞയിടെയാണ് പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു പരിശീലനം. കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കി എസ്റ്റേറ്റിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് വിമാനത്താവളത്തിന് വേണ്ടി എസ്റ്റേറ്റ്‌ ഏറ്റെടുക്കുന്നെന്ന വാർത്ത നിമ്മി അറിഞ്ഞത്. എസ്റ്റേറ്റിന്റെ തുടക്കം മുതലുള്ളതാണ് കാന്റീൻ. വർഷം തോറും ലേലം ചെയ്താണ് തോട്ടത്തിലെ തൊഴിലാളികളിൽ ഒരാൾക്ക് കാന്റീൻ നടത്താനുള്ള അവകാശം നൽകുന്നത്. നന്നായി നടത്തിയാൽ ലേലം ഒഴിവാക്കി കരാർ പുതുക്കി നൽകും. കഴിഞ്ഞ പത്ത് വർഷമായി ലേലമില്ലാതെ കാന്റീൻ നടത്തിക്കൊണ്ടിരിക്കുന്നത് നിമ്മിയുടെ പിതാവ് തങ്കച്ചനാണ്. രണ്ടര ലക്ഷത്തോളം രൂപ മകളുടെ പഠനത്തിനായി ചെലവിട്ടെന്നും വിമാനത്താവളം വരുമെന്ന പ്രതീക്ഷയിലല്ല മകളെ പഠിപ്പിച്ചതെന്നും തങ്കച്ചൻ പറഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിയും കാന്റീനും ആണ് ലയത്തിൽ താമസിക്കുന്ന ഇവരുടെ ആകെയുള്ള വരുമാനം. മൂത്ത മകളുടെ വിവാഹം അടുത്ത മാസം നടത്താനിരിക്കുകയുമാണ്. വിമാനത്താവളമാകുന്നതോടെ തോട്ടത്തിലെ തൊഴിലാളികളെ സർക്കാർ ജോലിക്കായി ഏറ്റെടുക്കുമെന്നും ഇതിലൂടെ മകൾക്ക് ജോലി സാധ്യത ഉറപ്പാകുമെന്നും തങ്കച്ചൻ കരുതുന്നു. പറക്കാൻ കൊതിച്ച നിമ്മിയാകട്ടെ താൻ ജനിച്ചു വളർന്ന സ്ഥലം തന്റെ സ്വപ്നം പോലെ വിമാനത്താവളം ആകുന്നതിന്റെ അതിരുകളില്ലാത്ത സന്തോഷത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!