July 9, 2020

കളക്ടറുടെ അദാലത്തിൽ സംതൃപ്തി :സന്തോഷത്തോടെ പരാതിക്കാർ

എരുമേലി:കനകപ്പലത്തെ കടമുറി ലേലം ചെയ്യാതെ നൽകിയത് റദ്ദാക്കിയെന്ന് കളക്ടറുടെ ഓൺലൈൻ അദാലത്തിൽ എരുമേലി പഞ്ചായത്തിന്റെ കുറ്റസമ്മതം … പഞ്ചായത്ത്‌ കടുറികളുടെ ലോക്ക് ഡൗണിലെ വാടക ഒഴിവാക്കാൻ അധികാരം ഇല്ലെന്ന എരുമേലി പഞ്ചായത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്നും മറ്റ് ചില പഞ്ചായത്തുകൾ ലോക്ക് ഡൗണിലെ വാടക ഇളവ് ചെയ്‌തെന്നും കളക്ടറെ അറിയിച്ചു വ്യാപാരികൾ… ശ്രീനിപുരത്ത് പൊതുശ്‌മശാനത്തിന്റെ സ്ഥലത്ത് താമസിക്കുന്ന 11 കുടുംബങ്ങൾക്ക് ഈ സ്ഥലം പതിച്ചു നൽകുന്നത് ആലോചിക്കാമെന്ന് കളക്ടർ… കനകപ്പലത്ത് വീട്ടിൽ തളർന്ന് കിടപ്പിലായ ആൾക്ക് ബന്ധു വഴി നൽകാത്തത് മൂലം ആശുപത്രിയിൽ പോകാനാകുന്നില്ലന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം .. ഇരുമ്പൂന്നിക്കരയിലെ പട്ടയ പ്രശ്നവും പരാതിയായി എത്തി…കാഞ്ഞിരപ്പള്ളി താലൂക്കിലെ ഓൺലൈൻ അദാലത്തിലാണ് എരുമേലി പഞ്ചായത്തിൽ നിന്നുള്ള പരാതികളിൽ ശ്രദ്ധേയമായ നടപടികളുണ്ടായത്.മുഴുവൻ പരാതിക്കാരുമായും ഓൺലൈനിലൂടെ ജില്ലാ കളക്ടർ എം അഞ്ജന സംസാരിച്ചു. പരാതികളിൽ അപ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി തത്സമയം കൂടിയാലോചനകൾ നടത്തി. ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാതെ സ്വന്തം നാട്ടിൽ അക്ഷയ കേന്ദ്രത്തിലെ ലാപ് ടോപ്പിന് മുന്നിലിരുന്ന് കളക്ടറോട് നേരിട്ട് പരാതി പറഞ്ഞു എല്ലാവരും. യാത്രാ ദൈർഖ്യം, സമയ നഷ്ടം, സാമ്പത്തിക ചെലവ് എന്നിവയൊന്നും ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ പരാതികൾ അവതരിപ്പിക്കാൻ കഴിഞ്ഞു. അദാലത്തിൽ പങ്കെടുത്തവർ ഇതിനായി സർക്കാർ ഒരുക്കിയ നടപടികളിൽ സന്തോഷവും സംതൃപ്തിയും അറിയിച്ചു .എരുമേലിയിൽ എരുമേലി, മുക്കൂട്ടുതറ, ചേനപ്പാടി അക്ഷയ കേന്ദ്രങ്ങളിലാണ് ഒരേ സമയം ഓൺലൈൻ അദാലത്ത് നടന്നത്. എരുമേലി അക്ഷയ കേന്ദ്രത്തിൽ എല്ലാവർക്കും സാനിറ്റൈസറും കുടിവെള്ളവും സജ്ജീകരിച്ചിരുന്നു. അക്ഷയ കേന്ദ്രം കോഡിനേറ്റർ സോജൻ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങൾ.എരുമേലി പഞ്ചായത്തിന്റെ കടമുറികളുടെ ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കണമെന്ന് വ്യാപാരി എം എ നിഷാദ് നൽകിയ ഹർജിയിൽ വ്യാപാരികളെ പ്രതിനിധീകരിച്ച് സംഘടനയുടെ യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാനും പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത്‌ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി. സെക്രട്ടറി പി എ മുഹ്‌സിനും ഹാജരായി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിർദേശം നൽകിയാൽ ഇളവ് ചെയ്യാമെന്ന് അറിയിച്ച അസി. സെക്രട്ടറി വാടക ഒഴിവാക്കാനുള്ള അധികാരം സർക്കാരിനാണെന്നും വ്യക്തമാക്കി. വാടകയുടെ പലിശ ഒഴിവാക്കാനുള്ള നിർദേശം ആണ് ലഭിച്ചിട്ടുള്ളതെന്ന് അസി. സെക്രട്ടറി അറിയിച്ചു. എന്നാൽ മറ്റ് ചില പഞ്ചായത്തുകൾ കമ്മറ്റി ചേർന്ന് വാടക ഒഴിവാക്കിയിട്ടുണ്ടെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടപ്പോഴും കച്ചവടം നടത്താനാകാതെ വ്യാപാരികൾ കടകൾ അടച്ചിടേണ്ടി വന്നെന്നും ഇളവുകൾ അനുവദിക്കണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അനുഭാവ പൂർണമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞ കളക്ടർ വിഷയം വിശദമായി പഠിച്ച് നിയമപരമായി ചെയ്യാവുന്ന നടപടികൾ സ്വീകരിക്കാൻ എരുമേലി പഞ്ചായത്ത്‌ അധികൃതരോട് നിർദേശിച്ചു.റോഡ് കയ്യേറി നടത്തിയ അനധികൃത നിർമാണം പൊളിച്ചുമാറ്റണമെന്ന് ആർഎസ്പി നേതാവ് സതീശ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ കളക്ടർ നിർദേശം നൽകി.എരുമേലി പഞ്ചായത്ത്‌ അധികൃതരിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് എരുമേലി ചാലക്കുഴി ജേക്കബ് മാത്യുവിന്റെ പരാതിയിൽ കളക്ടർ പഞ്ചായത്ത്‌ അധികൃതരോട് വിശദീകരണം തേടി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ചാലക്കുഴി ട്രേഡേഴ്സ് സ്ഥാപനത്തിലെ രണ്ടാം നിലയിൽ എസ്ബിഐ ബാങ്ക് നിർത്തിയതോടെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കടമുറിയുടെ നികുതി പകുതിയാക്കി കുറവ് ചെയ്യണമെന്നായിരുന്നു കെട്ടിട ഉടമയായ ജേക്കബ് മാത്യുവിന്റെ ആവശ്യം. അഞ്ച് വർഷത്തോളമായി ഇത് സംബന്ധിച്ച് പഞ്ചായത്തിന് അപേക്ഷകൾ നൽകിയിരുന്നു. പ്രവർത്തനം ഇല്ലാത്ത കടമുറികൾക്ക് കെട്ടിട നികുതി പകുതി നൽകിയാൽ മതിയെന്ന് വ്യവസ്ഥയുണ്ട് . അര ലക്ഷത്തിൽപരം രൂപയാണ് നികുതിയായി അടയ്ക്കാൻ പഞ്ചായത്ത്‌ ആവശ്യപ്പെട്ടിരുന്നത്. ഈ തുക പകുതി ആക്കാൻ നിർദേശിക്കണമെന്ന് ജേക്കബ് മാത്യു ആവശ്യപ്പെട്ടു . അസി. സെക്രട്ടറി മുഹ്സിൻ ഇത് സംബന്ധിച്ച് വിശദീകരണം നൽകി. നികുതി പകുതി ആക്കാൻ തടസമില്ലെന്നും പക്ഷെ കുടിശിക നികുതി മൊത്തം അടച്ച ശേഷം അപേക്ഷ നല്കുന്നതോടെയാണ് നടപടികൾ സ്വീകരിക്കുകയെന്നും അസി. സെക്രട്ടറി അറിയിച്ചു.കനകപ്പലത്ത് പഞ്ചായത്തിന്റെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നുള്ള കടമുറി ഭാനുമതി തട്ടേടത്ത് എന്നയാൾക്ക് ലേലം ചെയ്യാതെ നൽകിയെന്ന പരാതിയിൽ ഉടൻ തന്നെ പരിഹാരമുണ്ടായി. കടമുറി നൽകിയത് റദ്ദാക്കിയെന്നും ഇത് സംബന്ധിച്ച് തയ്യാറാക്കിയ വാടക എഗ്രിമെന്റ് റദ്ദാക്കുമെന്നും പഞ്ചായത്ത്‌ അസി. സെക്രട്ടറി കളക്ടറെ അറിയിച്ചു. ശ്രീനിപുരം സ്വദേശി വഴിപ്പറമ്പിൽ ബിജു ആണ് പരാതി നൽകിയിരുന്നത്. ലേലം ചെയ്യാതെ മുറികൾ നൽകാൻ പാടില്ലെന്നാണ് നിയമമെന്ന് കളക്ടർ വ്യക്തമാക്കി.ബിജു നൽകിയ മറ്റൊരു പരാതിയിലും ശ്രദ്ധേയമായ നടപടി ഉണ്ടായി. ശ്രീനിപുരം കോളനി അനുവദിച്ചപ്പോൾ ശ്മാശാനത്തിനായി റവന്യൂ വക സ്ഥലം മാറ്റിയിട്ടിരുന്നെങ്കിലും ശ്‌മശാനം നിർമിക്കപ്പെട്ടിരുന്നില്ല. താമസിക്കാൻ സ്ഥലം ഇല്ലാതെ 11 കുടുംബങ്ങൾ പിന്നീട് ഈ സ്ഥലത്ത് വീടുകൾ നിർമിച്ച് താമസമാക്കി. ഇവർക്ക് ഈ സ്ഥലം പതിച്ചു നൽകുന്നതിന് റവന്യൂ രേഖകളിൽ നിന്നും ശ്‌മശാനം എന്ന പരാമർശം നീക്കണമെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിക്കാൻ കാഞ്ഞിരപ്പള്ളി തഹസിൽദാറെ കളക്ടർ ചുമതലപ്പെടുത്തി.കനകപ്പലം തടത്തേൽ സാവിത്രി ഭാസ്കരൻ നൽകിയ പരാതിയിൽ തന്റെ ഭർത്താവ് തളർന്ന് ചലിക്കാനാവാതെ കിടപ്പിലാണെന്നും ആശുപത്രിയിൽ മാസം തോറും ചികിത്സക്കായി കൊണ്ടുപോകാൻ വീട്ടിലേക്കുള്ള വഴി ബന്ധുവായ അയൽവാസി തടസപ്പെടുത്തിയിരിക്കുകയാണെന്നും അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.ശ്രീനിപുരം പഴയറോഡ് കുഞ്ഞൂഞ്ഞ് നൽകിയ പരാതിയിൽ താൻ അംഗവിഹീനനാണെന്നും വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് നൽകാൻ കോടതി നിർദേശം ഉണ്ടായിട്ടും പഞ്ചായത്ത്‌ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അറിയിച്ചു. ഇവിടെ പഞ്ചായത്ത്‌ വക സ്ഥലം ഉണ്ടോയെന്ന് അറിയില്ലെന്നും സ്ഥലം ഉണ്ടോയെന്നറിയാൻ അളന്ന് പരിശോധിക്കണമെന്നും അസി. സെക്രട്ടറി അറിയിച്ചു. ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് മേഖലയിൽ പട്ടയ രഹിതർക്ക് പട്ടയം അനുവദിക്കണമെന്ന പരാതിയിൽ ഇത് ഉൾപ്പെടെ ഒട്ടേറെ ആവശ്യങ്ങൾ ഉള്ളതിനാൽ ഉടനെ പരിഹാരം കാണാനാവില്ലെന്നും മതിയായ അന്വേഷണം ആവശ്യമാണെന്നും കളക്ടർ അറിയിച്ചു. 19 പരാതികളാണ് എരുമേലി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് കളക്ടർ നടത്തിയ വീഡിയോ കോൺഫറൻസിൽ പരിഗണിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!