ന്യൂഡൽഹി: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ 2026ഓടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡാണ് (ഐ.ഐ.എൽ) വാക്സിൻ നിർമാതാക്കൾ. ദേശീയ ക്ഷീരവികസന ബോർഡിന് കീഴിലുള്ള സബ്സിഡിയറി സ്ഥാപനമാണ് ഐ.ഐ.എൽ.ലബോറട്ടറി പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതായി ഐ.ഐ.എൽ മാനേജിങ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ പറഞ്ഞു. രണ്ടും മൂന്നും ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കും. വാക്സിന്‍റെ സുരക്ഷയാണ് ഒന്നാംഘട്ടത്തിൽ പ്രധാനമായും വിലയിരുത്തിയത്. ഒന്നാംഘട്ടം വളരെ വിജയമായിരുന്നു. പ്രതികൂലമായ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല -ഡോ. കെ. ആനന്ദ് കുമാർ പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വാക്സിൻ നിർമാണത്തിനാവശ്യമായ വൈറസ് സ്ട്രെയിൻസ് ഐ.ഐ.എല്ലിന് ലഭിച്ചത്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ റിപ്പോർട്ട് പുറത്തുവിടും. 2026 പകുതിയോടെ വാക്സിൻ പൊതുവിപണിയിൽ ലഭ്യമാക്കും -അദ്ദേഹം പറഞ്ഞു.

ഡെങ്കിക്ക് കൂടാതെ സിക വൈറസ് ബാധക്കും ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി) എന്ന അസുഖത്തിനും വാക്സിൻ നിർമാണം കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 1957ൽ കർണാടകയിലെ വനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്. വർഷംതോറും 500 പേർക്ക് വരെ ഈ അസുഖം ബാധിക്കുന്നുവെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here