ന്യൂഡൽഹി: സിക്കിൾസെൽ അനീമിയയ്ക്കുള്ള (അരിവാൾ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ച് ഇന്ത്യ. സിക്കിൾസെൽ അനീമിയയെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അകംസ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് വില കുറച്ച മരുന്ന് ഇന്ത്യൻ വിപണികളിൽ എത്തിക്കുന്നത്. സിക്കിൾസെൽ അനീമിയ ബാധിതർക്കുള്ള മരുന്നുകൾക്ക് ആഗോള തലത്തിൽ 77,000 രൂപ വരെ വിലയുള്ള സമയത്താണ് 100 മില്ലി ഹൈഡ്രോക്സീയൂറിയ (Hydroxyurea) 600 രൂപ നിരക്കിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത്.ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന സിക്കിൾസെൽ അനീമിയ പാരമ്പര്യമായി ഉണ്ടാകുന്ന രക്ത സംബന്ധമായ രോഗമാണ്. രക്തത്തിലെ ചുവന്ന രക്താണുക്കൾ അരിവാളിന്റെ ആകൃതിയിലാകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ വഹിക്കാൻ ഇവയ്ക്ക് കഴിയാതെ വരികയും ചെയ്യുന്നു. സമീപ വർഷങ്ങളിൽ സിക്കിൾസെൽ അനീമിയ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു. ചില തരം രക്താർബുദങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കീമോതറാപ്പിയ്ക്കുള്ള പ്രധാന മരുന്നാണ് ഹൈഡ്രോക്സീയൂറിയ, എങ്കിലും സിക്കിൾസെൽ അനീമിയ ബാധിതരിലും ഇത് ഫലപ്രദമാണ്. ചുവന്ന രക്‌താണുക്കളെ വൃത്താകൃതിയിൽ നില നിർത്തുക വഴി അവയെ ഓക്സിജൻ വഹിക്കാൻ പ്രാപ്തമാക്കാൻ ഹൈഡ്രോക്സീയൂറിയയ്ക്ക് സാധിക്കുന്നു. ഇത് ശരീരത്തിൽ വേദന കുറയ്ക്കുകയും രോഗികൾക്ക് ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു. അകംസ് നിർമ്മിച്ച മരുന്നിന്റെ മറ്റൊരു സവിശേഷത ഇത് സാധാരണ താപനിലയിൽ സൂക്ഷിക്കാൻ സാധിക്കുമെന്നതാണ്. ആഗോള തലത്തിൽ വിൽക്കുന്ന മറ്റ് ചില മരുന്നുകൾ 2 മുതൽ 8 ഡിഗ്രി വരെ താപനിലയിൽ മാത്രമേ സൂക്ഷിക്കാൻ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here