തിരുവല്ല: ഭാരിച്ച വൈദ്യുതി ബില്ലിൽ നിന്നും ആശ്വാസമേകി കവിയൂർ പഞ്ചായത്തിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം സൗരോർജ്ജ പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തിച്ച് വൈദ്യുതി ലഭിച്ചു തുടങ്ങും. പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ 23 സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ 10 കെ.വി. സോളാർ വൈദ്യുതിയാണ് പഞ്ചായത്തിന് ലഭിക്കുക.സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പഞ്ചായത്തിന്റെ 2023 -24 പദ്ധതിയിൽ 11 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടന സമ്മേളനം ഒഴിവാക്കി. പെരുമ്പാവൂർ ആസ്ഥാനമായ ഇക്കോ മേറ്റ് എനർജി സൊല്യൂഷൻസ് എന്ന കമ്പനിയാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്. വൈദ്യുതിയിൽ സ്വയംപര്യാപ്തത കൈവരിച്ചതിലൂടെ മറ്റു പഞ്ചായത്തുകൾക്കും കവിയൂർ മാതൃകയാകുകയാണ്.പഞ്ചായത്തിലെ വൈദ്യുതി ചെലവ് ലാഭിക്കുന്നതിനൊപ്പം മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. ഇതിലൂടെ അധിക വരുമാനവും ലഭിക്കാനായി കെ.എസ്.ഇ.ബിയുമായി കരാറിൽ ഏർപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here